ആദിത്യപുരം സൂര്യദേവ ക്ഷേത്രം - ചരിത്രം
സൂര്യനെ മുഖ്യദേവനായി ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഭാരതത്തിൽ വളരെ അപൂർവ്വമാണ്. ആ നിലയ്‌ക്ക് സൂര്യനെ പ്രധാന മൂർത്തിയായി ആരാധിച്ചു വരുന്ന ആദിത്യപുരം ക്ഷേത്രത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. നവഗ്രഹങ്ങളോട് കൂടി ചില ദിക്കിൽ കാണാറുണ്ട്. ഇവിടെ നവഗ്രഹ പ്രതിഷ്ഠ ഇല്ല.
വൃത്താകാരമായ ശ്രീ കോവിലിൽ പടിഞ്ഞാട്ട് ദർശനമായിട്ടാണ് സൂര്യപ്രതിഷ്ഠ. ത്രേതായുഗത്തിലാണ് പ്രതിഷ്ഠ നടന്നിട്ടുള്ളത് എന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ക്ഷേത്രോൽപ്പത്തിയെ സംബന്ധിച്ച് ലിഖിതങ്ങളായി രേഖകൾ ഒന്നും തന്നെ ഇന്ന് ലഭ്യമല്ല. ക്ഷേത്ര സമീപമുള്ള മരങ്ങാട്ട് മനയ്ക്കാണ് ക്ഷേത്രത്തിന്റെ ഊരാണ്മ സ്ഥാനം. മനയിലുള്ളവർ തലമുറകളായി വിശ്വസിച്ചു പോരുന്ന ഐതീഹ്യം ഇങ്ങനെയാണ്.
മനയിലെ മഹതപസ്വിയായിരുന്ന ഒരു പൂർവ്വികൻ ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് വെച്ചു സൂര്യനെ തപസ്സ് ചെയ്ത് പ്രസാദിപ്പിക്കുകയും വരമായി ലഭിച്ച വിഗ്രഹത്തെ പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ്. തുടർന്ന് ഇന്ന് നടന്നു വരുന്ന പൂജാദികൾ ചിട്ടപ്പെടുത്തുകയും, അത് തന്റെ പരമ്പരകൾ തന്നെ നിർവഹിക്കണമെന്ന വ്യവസ്ഥയും ചെയ്തു.
ചതുർബാഹുവായി പത്മാസനത്തിൽ തപസിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. രണ്ടു കൈകളിൽ ശംഖം, ചക്രം മറ്റ് രണ്ടു കൈകൾ തപോമുദ്രയിലുമാണ്. ഇതേപ്പറ്റിയുള്ള ഐതീഹ്യം – ആദിത്യൻ തനിക്ക് കൂടുതൽ ശക്തി ലഭിക്കുന്നതിനായി മഹാമായയെ തപസ്സു ചെയ്യുകയും, മഹാമായ പ്രത്യക്ഷപ്പെട്ടു ഉദയം മുതൽ ആറെകാൽ നാഴിക വരെ സകല ദേവതകളുടെയും ശക്തി ആദിത്യനിൽ ഉണ്ടാകട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു. ഈ ഒരു തപസ്സിന്റെ സങ്കല്പമാണ് ഇവിടെ. ആദിയിൽ നിദ്രാവസ്ഥയിലായിരുന്ന ആദിത്യമണ്ഡലത്തിൽ ലോകാനുഗ്രഹാർത്ഥം ആദി പരാശക്തി തന്റെ ശക്തിയെ പ്രവേശിപ്പിച്ചപ്പോൾ ആദിത്യന് അനന്യമായ ശക്തിവിശേഷം ഉണ്ടായി എന്നാണ് ഇതിന്റെ താത്വികാർത്ഥം.
ആദിത്യന്റെ ശ്രീകോവിലിനോട് ചേർന്ന് കിഴക്കോട്ടു ദർശനമായി ദുർഗ്ഗാഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. കൊല്ലവർഷം 1050 കളിലാണ് ദുര്ഗ പ്രതിഷ്ഠ നടന്നത്. ക്ഷേത്രത്തിൽ നിന്ന് കുറച്ചു കിഴക്കു മാറി കാക്കത്തുമല എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു ദേവി ക്ഷേത്രം പൂജാദികൾ ഇല്ലാതെ ജീർണ്ണാവസ്ഥയിൽ കഴിഞ്ഞിരുന്നു. അവിടെ നിന്ന് ദേവീ വിഗ്രഹത്തെ ഇവിടേയ്ക്ക് കൊണ്ട് വരികയും ശ്രീകോവിലിന്റെ പുറകിൽ കിഴക്കോട്ടു ചാരിവച്ചു നിവേദ്യാദികൾ തുടങ്ങുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കു ശേഷം പാഴൂർ പടിപ്പുരയിൽ പോയി ദേവീ വിഗ്രഹത്തെ എവിടെ പ്രതിഷ്ഠിക്കണം എന്ന് രാശി വച്ച് നോക്കി. ദേവീ ഇപ്പോൾ ഇരിക്കേണ്ട സ്ഥലത്ത് തന്നെയാണ് ഇരിക്കുന്നതെന്നും അവിടെത്തന്നെ ശ്രീകോവിൽ പണിതു പ്രതിഷ്ഠിക്കണമെന്നും കണ്ടു. തുടർന്ന് ദേവീ വിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. അന്നുവരെ ശ്രീകോവിൽ മാത്രമുണ്ടായിരുന്ന ക്ഷേത്രത്തിനു ഇന്ന് കാണുന്ന അംഗങ്ങൾ പണിതീർത്തത് അതിനുശേഷമാണ്. ദേവീ പ്രതിഷ്ടയും മേല്പറഞ്ഞ ഐതീഹ്യവും തമ്മിൽ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നു.
രക്തചന്ദനമാണ് ഇവിടെ കൊടുക്കുന്നത് എന്നത് ഒരു സവിശേഷതയാണ്. ഞായറാഴച്ചകളാണ് ദർശനത്തിനു പ്രാധാന്യമുള്ള ദിവസം. മേട മാസത്തിലെയും വൃശ്ചിക മാസത്തിലെയും അവസാനത്തെ ഞായറാഴ്ച ഇവിടെ കാവടി ഉത്സവമായി ആഘോഷിക്കുന്നു. സൂര്യൻ ഉച്ചസ്ഥിതിയിൽ നിൽക്കുന്ന മേടമാസത്തിലെ കാവടിക്കാണ് പ്രാധാന്യം. ഈ ദിവസം മരങ്ങാട്ടു മനയിലെ ഒരംഗം കാവടി എടുക്കണമെന്ന നിർബന്ധമുണ്ട്. ധാരാളം ഭക്തജനങ്ങളും കാവടി എടുത്ത് സമർപ്പിക്കാറുണ്ട്. സന്താനപരമ്പരയുടെ ശ്രേയസ്സിനും, രോഗശാന്തിക്കും വളരെ വിശേഷമാണ് കാവടി എടുക്കൽ.
പൊതുവെ രോഗശാന്തി, ആരോഗ്യ, ബുദ്ധിവികാസം ഇവയാണ് ആദിത്യഭജനത്തിന്റെ ഫലം. ആരോഗ്യം ഭാസ്കരാദിഛേത് എന്നാണ് പൂർവിക പ്രമാണം. ത്വക്ക് രോഗങ്ങൾ മാറുന്നതിനു ഇവിടുത്തെ രക്തചന്ദന പ്രസാദം വിശേഷമാണ്. കണ്ണീരിന്റെ അധീശദേവതയായിട്ട് സൂര്യനെ കണക്കാക്കുന്നു. അതുകൊണ്ടു നേത്രരോഗനിവാരണത്തിന് ആദിത്യഭജനം ഉത്തമമാണ്.
ഇത് സംബന്ധിച്ച ഒരു ചരിത്രം ഇവിടെ പറയാനുണ്ട്.
കൊല്ലവർഷം 1060 കളിൽ കോട്ടയം സ്വദേശിയായ ഒരാൾ ക്ഷേത്രത്തിൽ ഭജനത്തിനു വന്നു. അദ്ദേഹത്തിന് രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഇട്ടറ എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം തീവ്രമായ ഭജനം തുടങ്ങി. ഒരു വര്ഷം കഴിഞ്ഞപ്പോൾ രണ്ടു കണ്ണിനും കാഴ്ച ലഭിച്ചു. പിന്നീട് അദ്ദേഹം പല ദിക്കിലും സഞ്ചരിച്ചു ക്ഷേത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറയുകയും അവർക്കു ഇവിടുത്തെ പ്രസാദം കൊടുക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഭജിക്കുവാനുപയോഗിച്ചിരുന്ന തറ ഇന്ന് മതിലിനു പുറത്ത് തെക്കു ഭാഗത്ത് കാണാം. അവിടെ കാവടി ദിവസം വിളക്ക് വച്ച് അവിലും മലരും ശർക്കരയും കരിക്കും സമർപ്പിക്കാറുണ്ട്.
സൂര്യൻ എന്നത് ഭാരതീയർക്ക് സത്യത്തിന്റെ പരമമായ ജ്ഞാനത്തിന്റെ പ്രതീകമാണ്. സൂര്യന്റെ ദിവ്യമായ തേജസ്സിനെയാണ് ആരാധിക്കുന്നത്. ആ തേജസ്സിനെ വേദവും ഉപനിഷത്തുകളും സ്തുതിക്കുന്നു.
സൂര്യന്റെ ദിവ്യമായ തേജസ്സ് നമ്മുടെ ബുദ്ധിയെ ഉണർത്തട്ടെ എന്നാണ് ഗായത്രി മന്ത്രം അർഥമാക്കുന്നത്. സത്യദർശനത്തിനുവേണ്ടി സ്വർണമയമായ ആവരണത്തെ ഞങ്ങൾക്കു വേണ്ടി നീക്കിത്തരണമെന്നു ഉപനിഷത്ത് ഋഷി പ്രാർത്ഥിക്കുന്നു. ശ്രീ ശങ്കരാചാര്യർ അദ്വൈതമതം സ്ഥാപിച്ചതിനു ശേഷം പഞ്ചായതന പൂജ നടപ്പിൽ വരുത്തി. അതിൻപ്രകാരം അഞ്ചു ദേവതകളെയേ പൂജിക്കേണ്ടതുള്ളൂ. അതിൽ ആദിത്യന് പ്രഥമസ്ഥാനം കൊടുത്തിരിക്കുന്നു (അഞ്ചു ദേവതകൾ ആദിത്യൻ, അംബിക, വിഷ്ണു, ശിവൻ, ഗണപതി).
നമുക്ക് ആരോഗ്യവും ബുദ്ധിയും സദാ നൽകിക്കൊണ്ടിരിക്കുന്ന സൂര്യന് ഈ കേരളത്തിൽ ഒരു ക്ഷേത്രം ഉണ്ടെന്നുള്ളത് മഹാഭാഗ്യം തന്നെയാണ്. പുണ്യസ്ഥാനമായ ഈ സൂര്യക്ഷേത്രത്തിൽ ദർശനം നടത്തുന്നവർക്കെല്ലാം സകലവിധ ഐശ്വര്യവും ഉണ്ടാകുന്നു എന്നാണ് വിശ്വാസവും അനുഭവവും.
ആദിത്യപുരം സൂര്യദേവക്ഷേത്രം നിത്യപൂജാസമയം
ഞായറാഴ്ച
രാവിലെ
- നടതുറക്കൽ, നിർമ്മാല്യദർശനം - 4.00 AM
- ഉഷ:പൂജ - 7.00 AM
- ഉച്ചപൂജ - 11.30 AM
- നട അടയ്ക്കൽ - 1.30 PM
വൈകിട്ട്
- നടതുറക്കൽ - 5.30 PM
- ദീപാരാധന, അത്താഴപൂജ - 6.30 PM മുതൽ
- നട അടയ്ക്കൽ - 7.30 PM
മറ്റു ദിവസങ്ങളിൽ
രാവിലെ
- നടതുറക്കൽ, നിർമ്മാല്യദർശനം - 5.30 AM
- പൂജ - 9.00 AM
- നട അടയ്ക്കൽ - 12.00 PM
വൈകിട്ട്
- നടതുറക്കൽ - 5.30 PM
- ദീപാരാധന - 6.30 PM
- അത്താഴനിവേദ്യം - 7.00 PM മുതൽ
- നട അടയ്ക്കൽ - 7.30 PM